കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി കമ്പനി ഉടമകള്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി.
ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി.പി. നിയാസിന്റെ ഉത്തരവ്. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കുമാണ് കോടതി നിര്‍ദേശം നല്‍കിയത്.
കമ്പനി പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പ്രാഥമികാനുമതി നല്കിയ സാഹചര്യത്തില്‍ ഭൂമിയിൽ പ്രവേശിക്കുന്നത് സമരക്കാര്‍ തടയുന്നതുമൂലം അടിസ്ഥാന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍പോലും കഴിയുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
കമ്പനിക്കെതിരേ നല്കിയ പൊതുതാത്പര്യഹര്‍ജിയില്‍ ഇതുവരെ ഇടക്കാല ഉത്തരവുണ്ടായിട്ടില്ലെങ്കിലും സമരത്തിന്റെ പേരില്‍ ചില രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ നിയമം കൈയിലെടുക്കുന്ന അവസ്ഥയാണുള്ളതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.